വിശ്വാസം, പ്രത്യാശ, സ്നേഹം – ഒന്നു പോടപ്പാ!

കേരളത്തിലെ സുറിയാനി കൃസ്ത്യാനികളുടെ മഹത്തായ സഭാ-(അടി)ചരിത്രത്തിന്റെ പൊന്നേടുകളിൽ എഴുതിച്ചേർക്കാൻ മറ്റൊരു പൊൻതൂവലുമായാണ്  2014 അവസാനിച്ചത്‌. സഭാപാരമ്പര്യം തുളുമ്പി നില്ക്കുന്ന മുളന്തുരുത്തി സാക്ഷാൽ  മാർതോമാശ്ലീഹയുടെ   പേരിലുള്ള പള്ളിക്കാണ് ഈ ശ്രേഷ്ഠമുഹൂർത്തം സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം  ഉണ്ടായത്. A .D. പതിനൊന്നാം നൂറ്റാണ്ടിൽ പണിതീർത്ത ഈ പള്ളിയിൽ തന്നാണല്ലോ 1876-ലെ പ്രശസ്തമായ മുളന്തുരുത്തി  സുന്നഹദോസും നടന്നത്. ഭാരതത്തിന്റെ കാവൽപിതാവായ സാക്ഷാൽ  തോമാശ്ലീഹയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന യാക്കോബായ സുറിയാനി സഭയിലെ ഏക പള്ളിയും ഇതുതന്നെ.  എന്തിനു! രണ്ടാം യരുശലേം എന്നല്ലേ ഈ പള്ളി ലോകമെമ്പാടും അറിയപ്പെടുന്നെ! (ഞങ്ങൾ പള്ളിഇടവകക്കാർ അത്ര ചില്ലറ പാരമ്പര്യക്കാരൊന്നുമല്ലെന്നു  പിടികിട്ടികാണുമല്ലോ).

സംഭവം നടക്കുന്നത് ഡിസംബർ 20 ശനിയാഴ്ച. ചുമ്മാ ആപ്പ ഊപ്പ ചരിത്രമൊന്നുമല്ല അവിടെ സൃഷ്ടിക്കപ്പെട്ടത് – കാലത്തിന്റെ വിസ്മൃതികളെ വെല്ലുന്ന സ്വയംബൻ സഭാചരിത്രം തന്നെ. വാളും തുലാസും കൈകളിലേന്തി, പടച്ചട്ടയണിഞ്ഞു, ഇതൊന്നും കാണാൻ ശകതിയില്ലേ എന്ന മട്ടിൽ കണ്ണുംകെട്ടി നില്ക്കുന്ന നമ്മുടെ ലേഡി ജസ്റ്റിസ്‌ തെമിസ് മുതൽ  ഭൗമ-സൂര്യ-ചന്ദ്രഗണങ്ങൾക്കുവരേക്കും ഇതിലുള്ള  പങ്ക് ചെറുതൊന്നുമല്ല.

എല്ലാ വർഷവും  തോമാശ്ലീഹയുടെ ചരമസ്മരണ ഡിസംബർ 18 മുതൽ 21 വരെ ജൂബിലി പെരുന്നാൾ എന്നപേരിൽ വളരെ ആർഭാടമായി  നമ്മുടെ പള്ളിയിൽ കൊണ്ടാടുന്നുണ്ട്.  മൂന്നുദിവസത്തെ ആഘോഷങ്ങൾക്ക് ശേഷം ശ്ലീഹയുടെ ചരമദിനമായ 21 നു തിരുശേഷിപ്പ് വന്ദനവും നേർച്ചസദ്യയുമായി പെരുന്നാൾ അവസാനിക്കുന്നു. ആദ്യ മൂന്നു ദിവസവും സഭാമക്കൾ നാടായ നാടുമുഴുവൻ പ്രദക്ഷിണം ചെയ്യുന്നു. ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ പ്രദക്ഷിണം ആണിത്. (ലോകത്തിലെ ഏറ്റവും വലിയ ഗതാഗത സ്തംഭിപ്പിക്കൽ ആണെന്നുള്ള അവകാശവാദം എങ്ങും കേൾക്കാത്തോണ്ട്  അതിനെപ്പറ്റി പറയണില്ല).

ഈ സഭാമക്കൾ ആരൊക്കെയാണെന്നു വ്യക്തമാക്കേണ്ടതുണ്ട്. പ്രൗഢഗംഭീരമായ സഭാപിളർക്കൽ നടന്നിട്ട് കുറച്ചു കാലമായെങ്കിലും കക്ഷിവഴക്ക് വല്യ കോട്ടംതട്ടാതെ ഇന്നും നടന്നു പോരുന്നുണ്ട്. അന്ത്യോഖ്യായിലെ ബാവയെ വണങ്ങിവരുന്ന യാക്കോബായക്കാരും (ബാവാ കക്ഷികൾ) കോട്ടയത്തെ മെത്രാനെ വണങ്ങുന്ന ഓർത്തഡോക്സ്കാരും (മെത്രാൻ കക്ഷികൾ) കേരളത്തിലെ പള്ളികളെയും നമ്മുടെ പിതാക്കന്മാരുടെ ഉറക്കംകെടുത്തി സെമിത്തേരികളെയും കോടതികേറ്റിയ ചരിത്രം മറക്കാനാവില്ലല്ലോ. ഒരു കൃസ്ത്യാനിക്കു വേണ്ട അവശ്യ ഗുണങ്ങൾ വിശ്വാസം , പ്രത്യാശ, സ്നേഹം ആണെന്നും ഇതിൽ ഏറ്റവും വലുത് സ്നേഹമാകുന്നുവെന്നുമുള്ള അബദ്ധം പണ്ട് പൗലോസ് ശ്ലീഹയാണ് പറഞ്ഞത്. നമ്മുടെ തോമാശ്ലീഹ ഇങ്ങനെയൊന്നും എഴുന്നള്ളിക്കാത്തോണ്ട് നമുക്ക് പ്രശ്നമില്ല. അടി നടന്നോട്ടെ.

മുളന്തുരുത്തി പള്ളിയിലും അടിയുണ്ടായി. കോടതി ഇടപെട്ടു. നീതിന്യായ വ്യവസ്ഥിതിയുടെ തുലാസിൽ തൂക്കി കക്ഷിദൈവങ്ങൾക്കു വിലയിട്ടു. അംഗബലം കൂടുതലുള്ള ബാവാകക്ഷിക്കാർക്കു ആറു ഞായറാഴ്ചയും പിന്നീടു വരുന്ന ഒരു ഞായറാഴ്ച മെത്രാൻകക്ഷിക്കാര്ക്കും ശനിയാഴ്ചത്തെ സന്ധ്യാപ്രാർത്ഥനയോടുകൂടി കുർബാന അർപ്പിക്കാനുള്ള തീർപ്പായി.

ഇങ്ങനെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഊഷ്മളാന്തരീക്ഷത്തിൽ പോകവേ ആണ് ഇക്കൊല്ലത്തെ ജുബിലി പെരുന്നാളിന്റെ വരവ്. ഏതു പിതാവിന്റെ മധ്യസ്ഥത കൂടിപ്പോയതുകൊണ്ടാണെന്നറിയില്ല, ബാവകക്ഷിക്കാർക്ക് വല്ലാത്തൊരു അടിയാ കിട്ടിയെ. ഇപ്രാവശ്യത്തെ പെരുന്നാളിന്റെ അവസാന ദിവസം ഞായറാഴ്ചയായതും അത് കൃത്യം മെത്രാൻകാർക്ക് തീറെഴുതി കൊടുത്തിട്ടുള്ള ആറാഴ്ചകൂടിവരുന്ന ആ ഒരൊറ്റ ഞായറാഴ്ചയായതും വെറും യാദൃശ്ചികം മാത്രമാകുമോ? ബാവാകക്ഷികാരുടെ തലപുകഞ്ഞു. തോമാശ്ലീഹയോട് വേറൊരു ദിവസം കുത്തുകൊള്ളാൻ പറയാൻ ഒക്കില്ലല്ലോ. ശനിയാഴ്ചത്തെ അവസാന പ്രദക്ഷിണവും കഴിഞ്ഞു മെത്രാൻകാർ പള്ളിയിൽ ചെന്നു കേറിയാൽ അത് ഒന്നൊന്നര കുറച്ചിലാകത്തില്ലയോ. ഒന്നൂലേലും അംഗബലം കൊണ്ട് നമ്മളല്ലേ മുന്നിൽ. ആറാഴ്ച തുടർച്ചയായി പള്ളി ഭരിക്കുന്ന നമ്മൾക്കല്ലേ പെരുന്നാൾ കഴിക്കാനുള്ള യഥാർത്ഥ അവകാശം. അങ്ങനെ ബാവാഅച്ചന്മാരും ബാവാകപ്ര്യാരൻമാരും ബാവാസഭാമക്കളും ചിന്തയിലാണ്ടു. (തന്റെ നാമത്തിൽ നാലുപേർ ഒത്തുകൂടിയാൽ അവർക്കിടയിൽ താനുമുണ്ടാകുമെന്നു ഈശോമിശിഹ പണ്ട് പറഞ്ഞിട്ടുള്ളതിനാൽ പുള്ളിയും അവിടെ ഉണ്ടായിരുന്നിരിക്കാൻ ഇടയുണ്ടെന്നാണ് യുക്തി പറയുന്നത്).

അങ്ങനെ പ്രതീക്ഷിച്ചതുപോലെ ശനിയാഴ്ച രാത്രി മെത്രാൻകാർ പ്രദക്ഷിണവും കഴിഞ്ഞു പള്ളിയിൽ കേറാൻ എത്തി. ബാവാകക്ഷിക്കാർ പ്രദക്ഷിണം നേരത്തെ തീർത്ത്‌ കാത്തുനിൽക്കുന്നുണ്ടായിരുന്നു. മെത്രാൻകാരെ തടഞ്ഞു. കാരണം പറയണമല്ലോ. കോടതിവിധി പ്രകാരം പള്ളിയിൽ കുർബാന നടത്താൻ മാത്രെ അവർക്കധികാരമുള്ളു എന്ന് ആരോ കാച്ചി. പ്രദക്ഷിണം കുർബാനയല്ലാത്തോണ്ട് അത് തടയുമെന്നും. പ്രശ്നായില്ലേ. കുഞ്ഞാടുകൾ തമ്മിൽ തല്ലി. അടി പിടി സംഘർഷം. എത്ര അടിവീതം ഏതൊക്കെ കക്ഷിക്കാർക്കു കിട്ടി എന്നറിയില്ല. ആർക്കെന്തു പറ്റിയാലെന്താ കുറേനാൾക്കു ശേഷം സഭാമക്കളുടെ നല്ലൊരടി കാണാൻ പറ്റിയില്ലേ. അതോണ്ട് ഇക്കൊല്ലത്തെ പെരുന്നാൾ ഉഷാറായി. ഏതായാലും പോലീസ് ഇടപെട്ടതുകൊണ്ട് വല്യ നാശനഷ്ടങ്ങളൊന്നുമുണ്ടായില്ല. പള്ളിമുറ്റത്ത്‌ ഇരുകൂട്ടരും ഇരിപ്പുസമരമായി. അടിയുടെ ആവേശം കഴിഞ്ഞതോടെ ആൾക്കൂട്ടം സ്ഥലം വിട്ടു. (അതുകൊണ്ടു പിന്നെ ആരേലും പള്ളിയിൽ കയറിയോ എന്നുള്ളത് കൃത്യമായി അറിയാത്തതിനാൽ വായനക്കാരന്റെ ഭാവനക്ക് വിട്ടുതരുന്നു.)

ഇങ്ങനത്തെ കലാപരിപാടികൾ ദൈവത്തിന്റെ പേരിൽ ഇടയ്ക്കിടയ്ക്ക് നടത്തിയില്ലേൽ പിന്നെ നമ്മൾ മനുഷ്യരാണെന്നും പറഞ്ഞിരുന്നിട്ടെന്തിനാ? ദൈവങ്ങൾക്കുമുണ്ടാകില്ലേ ഈ ബോറടിയൊക്കെ. നല്ലനല്ല അടികൂടാനുള്ള അവസരങ്ങൾ ഇനിയും ഒരുക്കിത്തരാൻ പിതാവാം  ദൈവത്തോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ എന്റെ പിതാക്കന്മാരേ.

Advertisements

കാലമേ പാച്ചില്‍ നിര്‍ത്തു, ഒരാള്‍ ഇറങ്ങിക്കോട്ടെ

കോതമംഗലത്തുനിന്ന്  ഭൂതത്താന്‍കെട്ടിലേക്കുള്ള ബസില്‍ കയറിയാല്‍ ചേലാട് പള്ളിസ്റ്റോപ്പില്‍ ഇറങ്ങാം. പള്ളിമുറ്റത്തുനിന്ന് കുറച്ചുമാറി യാക്കോബേട്ടന്റെ പലചരക്കു പീടികയുടെ മുമ്പില്‍ നിന്നു തുടങ്ങുന്ന ഇടുങ്ങിയ റോഡിലൂടെ കാല്‍ കിലോമീറ്റര്‍ പോകണ്ട അമ്മവീട്ടില്‍ എത്താന്‍. കറവക്കാരന്‍ പൗലോസേട്ടന്റെ വീട്ടുമുറ്റത്ത്‌ നിന്ന് തുടങ്ങും റോഡിന്റെ ഇരുവശവും കോട്ടകെട്ടിക്കൊണ്ടു നില്‍ക്കുന്ന കരിങ്കല്‍ഭിത്തികള്‍. തണുത്ത തണല്‍ വിതറിക്കൊണ്ട് ഭിത്തിക്കിരുപുറം തിങ്ങിനില്‍ക്കുന്ന റബര്‍മരങ്ങളുടെ പച്ചപ്പും അമ്മയെ കാണാതെ നിലവിളിക്കുന്ന ചീവീടുകുഞ്ഞുങ്ങളുടെ കാതടപ്പിക്കുന്ന കോലഹലവുമാണ് അമ്മവീടിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം വരിക.

അമ്മയുടെ അപ്പന്‍, അതായത് എന്റെ അപ്പച്ചന്‍, പണികഴിപ്പിച്ചതാണ് ചേലാട്ടിലെ വീട്. ചുററും റബറും ജാതിയും ഇഷ്ടം പോലെ. ഇതിനപ്പുറം പറമ്പിലൂടെ ഒഴുകുന്ന തോടിനോട് ഓരംപറ്റി നില്‍ക്കുന്ന വിശാലമായ നെല്‍പ്പാടവും വാഴത്തോട്ടവും. ഇവയെല്ലാം ഗമയില്‍ നിരീക്ഷിച്ചുകൊണ്ട് പാറാവുകാരെപ്പോലെ ഞെളിഞ്ഞുനില്‍ക്കുന്ന തെങ്ങിന്‍ തലകള്‍. റൊമാന്റിസിസവും റിയലിസവും ഒരേ ഗര്‍ഭപാത്രത്തിന്റെ ചൂട് നുകരുന്ന അനന്യമായ പ്രകൃതിഭംഗി.

വേനലവധിക്കും ക്രിസ്മസ് അവധിക്കുമാണ് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ചേലാട്ടിലേക്ക് ഡീസല്‍ ചുവയുള്ള ചുകപ്പു K.S.R.T.C ബസില്‍ നീണ്ടുമുഷിഞ്ഞ പാലായനം. താമരശ്ശേരി ചുരത്തിലെ ശര്‍ദ്ദിലും തൃശ്ശൂരിലെ ചൂടത്തെ തലവേദനയും എറണാകുളത്തെ ഒട്ടിപ്പിടിക്കുന്ന വിയര്‍പ്പും സഹിച്ച് ചേലാടെത്തുമ്പോളേക്കും ഒരു വഴിയായിട്ടുണ്ടാവും. അമ്മയും അപ്പനും കുറച്ചുനാള്‍ കൂടെനിന്നിട്ട് മുളന്തുരുത്തിയിലെ പിതൃഗൃഹത്തിലേക്ക് പോകുമ്പോളാണ് ശരിയായ അവധിക്കാലം തുടങ്ങുന്നത്.

തോട്ടിലും പറമ്പിലും അട്ടകളുടെയും പ്രാണികളുടെയും സ്വൈര്യവിഹാരം കെടുത്തിക്കൊണ്ട് ചാച്ചന്റെ (അമ്മയുടെ അനിയന്‍) രണ്ടാണ്‍മക്കളുടെകൂടെ ഇറങ്ങുകയായി പിന്നീട്. ഒരു തോര്‍ത്തുമുണ്ടും ചുറ്റി ഇംഗ്ലീഷ് ചാനല്‍ ഇപ്പൊ നീന്തിക്കടക്കും എന്ന മട്ടില്‍ കുട്ടിപ്പട്ടാളം തോട്ടിന്‍കരക്കെത്തും. അന്നത്തെ ഒഴുക്കിനേയും വെള്ളത്തിന്റെ ഏറ്റക്കുറിച്ചിലിനെയും പറ്റി വിദഗ്ധ നിരീക്ഷണങ്ങള്‍. പിന്നെ എടുത്തുചാടുകയായി. വെള്ളത്തിന്റെ തണുപ്പും ചെറുമീനുകളുടെ ഇക്കിളിയും പതിയെ അറിഞ്ഞുകൊണ്ട് വരമ്പത്തോടെ ഇറങ്ങുന്ന എന്നെ കളിയാക്കിക്കൊണ്ട്‌ ഓടിവന്ന് മലക്കംമറിഞ്ഞു ചാടുന്ന സഹോദരന്മാര്‍. മുങ്ങാംകുഴിയും മലര്‍ന്നുള്ള നീന്തല്‍ മത്സരവും വെള്ളത്തിലെ ഗുസ്തിയും ഒക്കെയായിട്ടുള്ള തിമിര്‍ത്ത കുളി. ആളെക്കാണാതെ വീട്ടില്‍ നിന്ന് വന്നന്വേഷിക്കുമ്പോളാണ് മണിക്കൂറുകള്‍ പലതു കഴിഞ്ഞു എന്ന ബോധം വരിക. ക്ഷീണിച്ചവശരായെങ്കിലും മനസ്സില്ലാമനസ്സോടെ വീട്ടിലേക്കു തിരിക്കും. വീട്ടില്‍ പണിക്കുവരുന്ന കുഞ്ഞ്വോണേച്ചി വഴിയില്‍ കണ്ടാല്‍ പറയും: എല്‍ദോസേ, കണ്ണ് രണ്ടും നല്ല ചുവപ്പയിട്ടുണ്ടാല്ലോടാ, പോയി മേലു നന്നായി കഴുകണംട്ടോ. ഇല്ലേലെ ചൊറി പിടിക്കും.

കുഞ്ഞ്വോണേച്ചിയുടെ മകള്‍ താറാമ്മയും അമ്മച്ചിയും ഇരുന്നു ചക്ക വെട്ടുവായിരിക്കും അപ്പോള്‍. പറമ്പിലുണ്ടായ ഗമണ്ടന്‍ സ്വര്‍ണ്ണച്ചക്കകള്‍. കുളികഴിഞ്ഞു വരുമ്പോളേക്കും മുളഞ്ഞീന്‍ ഒക്കെ മാറ്റി തിന്നാന്‍ പാകത്തിന് ഉരിഞ്ഞുവെച്ചിട്ടുണ്ടാവും ഒരു പറ ചക്കചൊളകള്‍. പഴങ്ങളുടെ മേളമായിരുന്നു അന്നൊക്കെ. മുറ്റത്തുതന്നെ എന്നെ പറിച്ചു പൂളിക്കോ എന്നും പറഞ്ഞു നില്‍ക്കുന്ന അല്‍ഫോന്‍സായും ചന്ദ്രക്കാരനും. കല്ലെറിഞ്ഞുവീഴ്‌ത്തി തലചെത്തിക്കളഞ്ഞു ഊമ്പിക്കുടിക്കേണ്ട നാടന്‍മാങ്ങ. ഉപ്പും മുളകും കൂട്ടി അടിക്കുന്ന ചുകല ചാമ്പക്ക. കൊടുംമഴയത്ത് ആലിപ്പഴത്തിന്റെ കൂടെ പൊഴിയുന്ന സീതപ്പഴം. പുറത്തെ മഴയും നോക്കിക്കിടന്നു ജനാലവെളിച്ചത്തിലൂടെ കോട്ടയം പുഷ്പനാഥിന്റെ സ്വയമ്പന്‍ ഡിറ്റക്റ്റീവ് നോവലുകളില്‍ മുഴുകുമ്പോള്‍ കഴിക്കാന്‍ തേനൂറുന്ന കൈതച്ചക്ക. കുതന്ത്രങ്ങള്‍ പെയ്യുന്ന ചീട്ടുകളിക്കു പുളിപ്പേകാന്‍ മുഴുത്ത ബംബ്ലൂസ് നാരങ്ങകള്‍.

ഞായറാഴ്ചകളില്‍ പള്ളിയില്‍പോക്ക് നിര്‍ബന്ധമായിരുന്നു. ആദ്യത്തെ പള്ളിമണി കേള്‍ക്കുന്നതിനുമുന്‍പേ അമ്മച്ചി പള്ളിയില്‍ എത്തിയിരിക്കും. കുട്ടികള്‍ പതുക്കെ മടിപിടിച്ച് എത്തിച്ചേരുമ്പോളേക്കും കുര്‍ബാന പകുതി കഴിഞ്ഞിരിക്കും. പള്ളീലച്ചന്റെയും കപ്യാരന്മാരുടെയും ചേഷ്ടകള്‍ ശ്രദ്ധിക്കുന്നതിനിടെ വെളുത്ത നെറ്റില്‍ തല പൊതിഞ്ഞു മാലാഖമാരെപ്പോലെ നില്‍ക്കുന്ന സുന്ദരിമാരെ കൂട്ടത്തോടെ വായ്‌നോക്കും. ഇഷ്ടപ്പെട്ട മാലാഖയുടെകൂടെ ഭണ്ടാരപ്പെട്ടിക്കുള്ളില്‍ ചില്ലറപ്പൈസയിടാന്‍ തിക്കു കൂട്ടും. കുര്‍ബാന കഴിഞ്ഞാല്‍ പള്ളിയുടെ കിഴക്കുഭാഗത്തെ സെമിത്തേരിക്കുള്ളിലെ കുടുംബ കല്ലറയില്‍ പോയി തിരികൊളുത്തും. മണ്‍മറഞ്ഞ പിതാക്കന്‍മാരോട് ഇഹലോക ജീവിതത്തില്‍ മുട്ടിപ്പുണ്ടാകാതിരിക്കാന്‍ ദൈവത്തോട് അഭ്യര്‍ഥിക്കണേ എന്ന് പ്രാര്‍ഥിക്കും.

കുറേ വര്‍ഷങ്ങളായി ചേലാട്ടില്‍ പോയി നിന്നിട്ട്. പഠിത്തവും ജോലിയുമായി കുട്ടിപ്പട്ടാളം പിരിഞ്ഞു. ഇന്നവിടെ വിശാലമായ നെല്‍പ്പാടങ്ങളില്ല, തോട്ടില്‍ തെളിവാര്‍ന്ന വെള്ളമില്ല. മാവും പ്ലാവും ചാമ്പയുമില്ല. കുഞ്ഞ്വോണേച്ചിയും താറാമ്മയുമില്ല.തിരിച്ചു പോകുമ്പോള്‍ കൊച്ചു പോക്കറ്റില്‍ നൂറു രൂപ സ്നേഹത്തോടെ വെച്ചുതരുന്ന അപ്പച്ചന്‍ ഇന്നില്ല. യാക്കോബേട്ടന്റെ പലചരക്കുകട അടഞ്ഞു കിടക്കുന്നു. എന്നും ‘എല്‍ദോസേ സുഖാണോ’ എന്നു ചോദിക്കുന്ന കറവക്കാരന്‍ പൗലോസേട്ടന്‍ ഒന്നും ചോദിച്ചില്ല. അടറിയ ഓര്‍മ്മകളാല്‍ അപരിചിത്വത്തിന്റെ ചിരി മാത്രമേ അദ്ദേഹം തന്നുള്ളൂ. മക്കള്‍ നല്ല നിലയിലായിട്ടും സ്വന്തം തൊഴില്‍ നിര്‍ത്താന്‍ വിസമ്മതിച്ച ശാഢ്യം ഇന്നാമുഖത്തില്ല. അനുവാദമില്ലാതെ കടന്നുപോകുന്ന കാലം കീഴടക്കുന്നു, ഉടക്കുന്നു, മെതിക്കുന്നു എല്ലാത്തിനെയും, ഇന്നല്ലെങ്കില്‍ നാളെ. അജാതശത്രു ചിരഞ്ജീവി കാലം.

അര്‍ഥമന്വേഷിക്കുന്ന ഓര്‍മകളുടെ ആന്ദോളനം പള്ളിമണികളുടെ രൂപത്തില്‍ വന്നടുത്തെത്തി. പുതിയ കുട്ടിപ്പട്ടാളങ്ങള്‍ കുര്‍ബാനയ്ക്ക് പോകുന്നു. പുതിയ മാലാഖമാരേയും തേടിക്കൊണ്ട്.