കാലമേ പാച്ചില്‍ നിര്‍ത്തു, ഒരാള്‍ ഇറങ്ങിക്കോട്ടെ

കോതമംഗലത്തുനിന്ന്  ഭൂതത്താന്‍കെട്ടിലേക്കുള്ള ബസില്‍ കയറിയാല്‍ ചേലാട് പള്ളിസ്റ്റോപ്പില്‍ ഇറങ്ങാം. പള്ളിമുറ്റത്തുനിന്ന് കുറച്ചുമാറി യാക്കോബേട്ടന്റെ പലചരക്കു പീടികയുടെ മുമ്പില്‍ നിന്നു തുടങ്ങുന്ന ഇടുങ്ങിയ റോഡിലൂടെ കാല്‍ കിലോമീറ്റര്‍ പോകണ്ട അമ്മവീട്ടില്‍ എത്താന്‍. കറവക്കാരന്‍ പൗലോസേട്ടന്റെ വീട്ടുമുറ്റത്ത്‌ നിന്ന് തുടങ്ങും റോഡിന്റെ ഇരുവശവും കോട്ടകെട്ടിക്കൊണ്ടു നില്‍ക്കുന്ന കരിങ്കല്‍ഭിത്തികള്‍. തണുത്ത തണല്‍ വിതറിക്കൊണ്ട് ഭിത്തിക്കിരുപുറം തിങ്ങിനില്‍ക്കുന്ന റബര്‍മരങ്ങളുടെ പച്ചപ്പും അമ്മയെ കാണാതെ നിലവിളിക്കുന്ന ചീവീടുകുഞ്ഞുങ്ങളുടെ കാതടപ്പിക്കുന്ന കോലഹലവുമാണ് അമ്മവീടിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം വരിക.

അമ്മയുടെ അപ്പന്‍, അതായത് എന്റെ അപ്പച്ചന്‍, പണികഴിപ്പിച്ചതാണ് ചേലാട്ടിലെ വീട്. ചുററും റബറും ജാതിയും ഇഷ്ടം പോലെ. ഇതിനപ്പുറം പറമ്പിലൂടെ ഒഴുകുന്ന തോടിനോട് ഓരംപറ്റി നില്‍ക്കുന്ന വിശാലമായ നെല്‍പ്പാടവും വാഴത്തോട്ടവും. ഇവയെല്ലാം ഗമയില്‍ നിരീക്ഷിച്ചുകൊണ്ട് പാറാവുകാരെപ്പോലെ ഞെളിഞ്ഞുനില്‍ക്കുന്ന തെങ്ങിന്‍ തലകള്‍. റൊമാന്റിസിസവും റിയലിസവും ഒരേ ഗര്‍ഭപാത്രത്തിന്റെ ചൂട് നുകരുന്ന അനന്യമായ പ്രകൃതിഭംഗി.

വേനലവധിക്കും ക്രിസ്മസ് അവധിക്കുമാണ് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ചേലാട്ടിലേക്ക് ഡീസല്‍ ചുവയുള്ള ചുകപ്പു K.S.R.T.C ബസില്‍ നീണ്ടുമുഷിഞ്ഞ പാലായനം. താമരശ്ശേരി ചുരത്തിലെ ശര്‍ദ്ദിലും തൃശ്ശൂരിലെ ചൂടത്തെ തലവേദനയും എറണാകുളത്തെ ഒട്ടിപ്പിടിക്കുന്ന വിയര്‍പ്പും സഹിച്ച് ചേലാടെത്തുമ്പോളേക്കും ഒരു വഴിയായിട്ടുണ്ടാവും. അമ്മയും അപ്പനും കുറച്ചുനാള്‍ കൂടെനിന്നിട്ട് മുളന്തുരുത്തിയിലെ പിതൃഗൃഹത്തിലേക്ക് പോകുമ്പോളാണ് ശരിയായ അവധിക്കാലം തുടങ്ങുന്നത്.

തോട്ടിലും പറമ്പിലും അട്ടകളുടെയും പ്രാണികളുടെയും സ്വൈര്യവിഹാരം കെടുത്തിക്കൊണ്ട് ചാച്ചന്റെ (അമ്മയുടെ അനിയന്‍) രണ്ടാണ്‍മക്കളുടെകൂടെ ഇറങ്ങുകയായി പിന്നീട്. ഒരു തോര്‍ത്തുമുണ്ടും ചുറ്റി ഇംഗ്ലീഷ് ചാനല്‍ ഇപ്പൊ നീന്തിക്കടക്കും എന്ന മട്ടില്‍ കുട്ടിപ്പട്ടാളം തോട്ടിന്‍കരക്കെത്തും. അന്നത്തെ ഒഴുക്കിനേയും വെള്ളത്തിന്റെ ഏറ്റക്കുറിച്ചിലിനെയും പറ്റി വിദഗ്ധ നിരീക്ഷണങ്ങള്‍. പിന്നെ എടുത്തുചാടുകയായി. വെള്ളത്തിന്റെ തണുപ്പും ചെറുമീനുകളുടെ ഇക്കിളിയും പതിയെ അറിഞ്ഞുകൊണ്ട് വരമ്പത്തോടെ ഇറങ്ങുന്ന എന്നെ കളിയാക്കിക്കൊണ്ട്‌ ഓടിവന്ന് മലക്കംമറിഞ്ഞു ചാടുന്ന സഹോദരന്മാര്‍. മുങ്ങാംകുഴിയും മലര്‍ന്നുള്ള നീന്തല്‍ മത്സരവും വെള്ളത്തിലെ ഗുസ്തിയും ഒക്കെയായിട്ടുള്ള തിമിര്‍ത്ത കുളി. ആളെക്കാണാതെ വീട്ടില്‍ നിന്ന് വന്നന്വേഷിക്കുമ്പോളാണ് മണിക്കൂറുകള്‍ പലതു കഴിഞ്ഞു എന്ന ബോധം വരിക. ക്ഷീണിച്ചവശരായെങ്കിലും മനസ്സില്ലാമനസ്സോടെ വീട്ടിലേക്കു തിരിക്കും. വീട്ടില്‍ പണിക്കുവരുന്ന കുഞ്ഞ്വോണേച്ചി വഴിയില്‍ കണ്ടാല്‍ പറയും: എല്‍ദോസേ, കണ്ണ് രണ്ടും നല്ല ചുവപ്പയിട്ടുണ്ടാല്ലോടാ, പോയി മേലു നന്നായി കഴുകണംട്ടോ. ഇല്ലേലെ ചൊറി പിടിക്കും.

കുഞ്ഞ്വോണേച്ചിയുടെ മകള്‍ താറാമ്മയും അമ്മച്ചിയും ഇരുന്നു ചക്ക വെട്ടുവായിരിക്കും അപ്പോള്‍. പറമ്പിലുണ്ടായ ഗമണ്ടന്‍ സ്വര്‍ണ്ണച്ചക്കകള്‍. കുളികഴിഞ്ഞു വരുമ്പോളേക്കും മുളഞ്ഞീന്‍ ഒക്കെ മാറ്റി തിന്നാന്‍ പാകത്തിന് ഉരിഞ്ഞുവെച്ചിട്ടുണ്ടാവും ഒരു പറ ചക്കചൊളകള്‍. പഴങ്ങളുടെ മേളമായിരുന്നു അന്നൊക്കെ. മുറ്റത്തുതന്നെ എന്നെ പറിച്ചു പൂളിക്കോ എന്നും പറഞ്ഞു നില്‍ക്കുന്ന അല്‍ഫോന്‍സായും ചന്ദ്രക്കാരനും. കല്ലെറിഞ്ഞുവീഴ്‌ത്തി തലചെത്തിക്കളഞ്ഞു ഊമ്പിക്കുടിക്കേണ്ട നാടന്‍മാങ്ങ. ഉപ്പും മുളകും കൂട്ടി അടിക്കുന്ന ചുകല ചാമ്പക്ക. കൊടുംമഴയത്ത് ആലിപ്പഴത്തിന്റെ കൂടെ പൊഴിയുന്ന സീതപ്പഴം. പുറത്തെ മഴയും നോക്കിക്കിടന്നു ജനാലവെളിച്ചത്തിലൂടെ കോട്ടയം പുഷ്പനാഥിന്റെ സ്വയമ്പന്‍ ഡിറ്റക്റ്റീവ് നോവലുകളില്‍ മുഴുകുമ്പോള്‍ കഴിക്കാന്‍ തേനൂറുന്ന കൈതച്ചക്ക. കുതന്ത്രങ്ങള്‍ പെയ്യുന്ന ചീട്ടുകളിക്കു പുളിപ്പേകാന്‍ മുഴുത്ത ബംബ്ലൂസ് നാരങ്ങകള്‍.

ഞായറാഴ്ചകളില്‍ പള്ളിയില്‍പോക്ക് നിര്‍ബന്ധമായിരുന്നു. ആദ്യത്തെ പള്ളിമണി കേള്‍ക്കുന്നതിനുമുന്‍പേ അമ്മച്ചി പള്ളിയില്‍ എത്തിയിരിക്കും. കുട്ടികള്‍ പതുക്കെ മടിപിടിച്ച് എത്തിച്ചേരുമ്പോളേക്കും കുര്‍ബാന പകുതി കഴിഞ്ഞിരിക്കും. പള്ളീലച്ചന്റെയും കപ്യാരന്മാരുടെയും ചേഷ്ടകള്‍ ശ്രദ്ധിക്കുന്നതിനിടെ വെളുത്ത നെറ്റില്‍ തല പൊതിഞ്ഞു മാലാഖമാരെപ്പോലെ നില്‍ക്കുന്ന സുന്ദരിമാരെ കൂട്ടത്തോടെ വായ്‌നോക്കും. ഇഷ്ടപ്പെട്ട മാലാഖയുടെകൂടെ ഭണ്ടാരപ്പെട്ടിക്കുള്ളില്‍ ചില്ലറപ്പൈസയിടാന്‍ തിക്കു കൂട്ടും. കുര്‍ബാന കഴിഞ്ഞാല്‍ പള്ളിയുടെ കിഴക്കുഭാഗത്തെ സെമിത്തേരിക്കുള്ളിലെ കുടുംബ കല്ലറയില്‍ പോയി തിരികൊളുത്തും. മണ്‍മറഞ്ഞ പിതാക്കന്‍മാരോട് ഇഹലോക ജീവിതത്തില്‍ മുട്ടിപ്പുണ്ടാകാതിരിക്കാന്‍ ദൈവത്തോട് അഭ്യര്‍ഥിക്കണേ എന്ന് പ്രാര്‍ഥിക്കും.

കുറേ വര്‍ഷങ്ങളായി ചേലാട്ടില്‍ പോയി നിന്നിട്ട്. പഠിത്തവും ജോലിയുമായി കുട്ടിപ്പട്ടാളം പിരിഞ്ഞു. ഇന്നവിടെ വിശാലമായ നെല്‍പ്പാടങ്ങളില്ല, തോട്ടില്‍ തെളിവാര്‍ന്ന വെള്ളമില്ല. മാവും പ്ലാവും ചാമ്പയുമില്ല. കുഞ്ഞ്വോണേച്ചിയും താറാമ്മയുമില്ല.തിരിച്ചു പോകുമ്പോള്‍ കൊച്ചു പോക്കറ്റില്‍ നൂറു രൂപ സ്നേഹത്തോടെ വെച്ചുതരുന്ന അപ്പച്ചന്‍ ഇന്നില്ല. യാക്കോബേട്ടന്റെ പലചരക്കുകട അടഞ്ഞു കിടക്കുന്നു. എന്നും ‘എല്‍ദോസേ സുഖാണോ’ എന്നു ചോദിക്കുന്ന കറവക്കാരന്‍ പൗലോസേട്ടന്‍ ഒന്നും ചോദിച്ചില്ല. അടറിയ ഓര്‍മ്മകളാല്‍ അപരിചിത്വത്തിന്റെ ചിരി മാത്രമേ അദ്ദേഹം തന്നുള്ളൂ. മക്കള്‍ നല്ല നിലയിലായിട്ടും സ്വന്തം തൊഴില്‍ നിര്‍ത്താന്‍ വിസമ്മതിച്ച ശാഢ്യം ഇന്നാമുഖത്തില്ല. അനുവാദമില്ലാതെ കടന്നുപോകുന്ന കാലം കീഴടക്കുന്നു, ഉടക്കുന്നു, മെതിക്കുന്നു എല്ലാത്തിനെയും, ഇന്നല്ലെങ്കില്‍ നാളെ. അജാതശത്രു ചിരഞ്ജീവി കാലം.

അര്‍ഥമന്വേഷിക്കുന്ന ഓര്‍മകളുടെ ആന്ദോളനം പള്ളിമണികളുടെ രൂപത്തില്‍ വന്നടുത്തെത്തി. പുതിയ കുട്ടിപ്പട്ടാളങ്ങള്‍ കുര്‍ബാനയ്ക്ക് പോകുന്നു. പുതിയ മാലാഖമാരേയും തേടിക്കൊണ്ട്.

8 thoughts on “കാലമേ പാച്ചില്‍ നിര്‍ത്തു, ഒരാള്‍ ഇറങ്ങിക്കോട്ടെ

Leave a reply to BasilGeorge Cancel reply